വിമത എംഎല്‍എമാരുടെ പരാതി ; തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

mamatha

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാര്‍ട്ടിക്ക് കഴിയില്ല. എന്നാല്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎല്‍എമാരുടെ പരാതിയെത്തുടര്‍ന്നാണ് ഇത്. സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാര്‍ട്ടിക്ക് കഴിയില്ല. എന്നാല്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തില്‍ കടുത്ത അധികാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുന്‍ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാര്‍ട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്. ഋതബ്രത ബാനര്‍ജിയെ അനുകൂലിക്കുന്ന 10 എംഎല്‍എമാര്‍ ബിധാനഗര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി. സ്വാധീനം ദുരുപയോഗം ചെയ്തും, അഴിമതിയിലൂടെയും, തട്ടിപ്പുകളിലൂടെയും സമാഹരിച്ച പണമാണോ ഇതെന്നും പൊതുപണം വകമാറ്റി മാറ്റിയതാണോ എന്നും അന്വേഷിക്കണമെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിമതര്‍ പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയിരുന്നു. പാര്‍ട്ടി ഫണ്ട് സംരക്ഷിക്കണമെന്നും തര്‍ക്കങ്ങള്‍ തീരുന്നതുവരെ ഇടപാടുകള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമത എംഎല്‍എമാര്‍ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. അതേസമയം, അരൂപ് ബിശ്വാസിന് ഇപ്പോള്‍ പാര്‍ട്ടി ട്രഷറര്‍ സ്ഥാനമില്ലെന്നും പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും മമതാ ബാനര്‍ജി പക്ഷത്തെ എംഎല്‍എയായ കുനാല്‍ ഘോഷ് പ്രതികരിച്ചു. ജൂണ്‍ 5-ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സുഭാശിഷ് ചക്രവര്‍ത്തിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു.

Tags