സ്വര്‍ണക്കടത്തിനായി ബന്ധം തുടര്‍ന്നു; സുഹൃത്തിന്റെ അറസ്റ്റില്‍ നിര്‍ണായകമായി രന്യയുടെ കോൾ

ranya rao
ranya rao

തരുണ്‍ രാജു രന്യക്കൊപ്പം ദുബായില്‍ ഉണ്ടായിരുന്നതായും സ്വര്‍ണം രന്യക്ക് കൈമാറുന്നതിന് ഇയാള്‍ സഹായിച്ചതായും ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്

ബെംഗളൂരു‌ : സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. കര്‍ണാടകയിലെ അത്രിയ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകന്‍ തരുണ്‍ രാജുവിനെയാണ് കഴിഞ്ഞ ദിവസം ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. കന്നഡ നടി രന്യാ റാവുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് തരുണ്‍ പിടിയിലായത്. 

സ്വര്‍ണക്കടത്തില്‍ തരുണിന് നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത ഇയാളെ ഡിആര്‍ഐ കോടതിയില്‍ ഹാജരാക്കി നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. തരുണ്‍ രാജു രന്യക്കൊപ്പം ദുബായില്‍ ഉണ്ടായിരുന്നതായും സ്വര്‍ണം രന്യക്ക് കൈമാറുന്നതിന് ഇയാള്‍ സഹായിച്ചതായും ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

രന്യ തരുണിനെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്വര്‍ണക്കടത്തില്‍ ഹവാല, ബിറ്റ്‌കോയിന്‍ ഇടപാടും ഉണ്ടെന്നുള്ള വിവരവും കിട്ടിയിട്ടുണ്ട്.

രന്യയും തരുണും സുഹൃത്തുക്കളാണ്. രന്യ ആര്‍ക്കിടെക്റ്റ് ജതിന്‍ ഹുക്കേരിയെ വിവാഹം ചെയ്തതോടെ ഇരുവരും തമ്മലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതായും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനായി ഇരുവരും ബന്ധം തുടര്‍ന്നിരുന്നതായാണ് ഡിആര്‍ഐക്ക് അന്വേഷണത്തില്‍ കണ്ടെത്താനായത്.
 

Tags