ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിയുതിര്‍ത്ത സംഘം രണ്‍ബീര്‍ കപൂറിനെയും ലക്ഷ്യമിട്ടു? നടന്റെ ബാന്ദ്രയിലെ വീട് നിരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ranbir kapoor

ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിയുതിര്‍ത്ത സംഘം മറ്റൊരു നടനായ രണ്‍ബീര്‍ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറിനെ പ്രതികള്‍ നിരീക്ഷിച്ചിരുന്നതായും നടന്റെ ബാന്ദ്രയിലെ വീട് ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബോളിവുഡിലെ കൂടുതല്‍പേരെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്ന എന്ന സംശയവും ഉയരുന്നുണ്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരുടെ നിര്‍ദേശപ്രകാരമാണ് മൂന്നംഗസംഘം ടൈഗര്‍ ഷ്‌റോഫിനെ ആക്രമിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയില്‍ എത്തിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സല്‍മാന്‍ ഖാന് കനത്ത സുരക്ഷയുള്ളതിനാല്‍ പദ്ധതി നടന്നില്ല. ഇതോടെയാണ് പൊലീസ് സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്‌റോഫിന്റെ യാത്രകള്‍ അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

Tags