‘രാമായണം’ വിജയത്തിളക്കത്തിൽ അമിത് ഷായെ കണ്ട് രൺബീർ കപൂറും സായ് പല്ലവിയും

amitshah

 ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ പണംവാരിപ്പടമായി മാറിയതിന്റെ തിളക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് 'രാമായണം' സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂർ, സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവരാണ് ഡൽഹി സന്ദർശനത്തിനിടെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. പ്രൈം ഫോക്കസ് ബിസിനസ് ഹെഡ് നീരജ് സംഗായിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇതിഹാസ കാവ്യത്തെ ഇത്രയും വലിയ ക്യാൻവാസിൽ വെള്ളിത്തിരയിലെത്തിക്കാൻ അണിയറപ്രവർത്തകർ നടത്തിയ പരിശ്രമത്തെയും സിനിമ നേടിയ വൻ വിജയത്തെയും അമിത് ഷാ അഭിനന്ദിച്ചു. നേരത്തെ രൺബീർ കപൂർ, നമിത് മൽഹോത്ര, നിതേഷ് തിവാരി എന്നിവർ ഡൽഹിയിലെ പ്രശസ്തമായ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ ദർശനം നടത്തുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഭൂപീന്ദർ സിങ് ഭുള്ളറാണ് ഇവരുടെ ഗുരുദ്വാര സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

റിലീസ് ചെയ്ത് 21 ദിവസത്തിനുള്ളിൽ അല്ലു അർജുൻ ചിത്രം 'പുഷ്പ 2'വിന്റെ (1,742.10 കോടി) ലൈഫ് ടൈം കലക്ഷനെ മറികടന്നാണ് 'രാമായണം' നാലാം സ്ഥാനത്തെത്തിയത്. നിലവിൽ 1,755.60 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷൻ. ദംഗൽ (2016): 2,070.30 കോടി, ധുരന്ധർ 2 (2026): 1,813.39 കോടി, ബാഹുബലി 2 (2017): 1,788.06 കോടി, രാമായണം (2026): 1,755.60 കോടി, പുഷ്പ 2: 1,742.10 കോടി എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

ഇന്ത്യയിൽ നിന്ന് മാത്രം 21 ദിവസം കൊണ്ട് 982.55 കോടി രൂപ നെറ്റ് കലക്ഷനും 1,173.60 കോടി രൂപ ഗ്രോസ് കലക്ഷനും ചിത്രം സ്വന്തമാക്കി. ഹിന്ദിയിൽ ഏറ്റവും വേഗത്തിൽ 700 കോടി നെറ്റ് കലക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായും 'രാമായണം' മാറി. ഉടൻ തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം 1,000 കോടി നെറ്റ് കലക്ഷൻ മറികടക്കുമെന്നാണ് വിലയിരുത്തൽ.

ഏകദേശം 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും മികച്ച മൗത്ത് പബ്ലിസിറ്റിയും ഉത്സവ സീസണും ചിത്രത്തിന് വൻ കുതിപ്പ് നൽകുന്നുണ്ട്. രൺബീർ കപൂറിനും സായ് പല്ലവിക്കും പുറമെ യാഷ്, രവി ദുബെ, ലാറ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

Tags