രാമക്ഷേത്ര സംഭാവന തട്ടിപ്പ് : എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

Ayodhya Ram temple donation scam; Accused reveals that stolen money was hidden inside temple toilet

 ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. കേസിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും സംഘത്തിലുള്ള അംഗങ്ങളുടെ വിവരങ്ങളും അറിയിക്കാനാണ് കോടതി നിർദേശിച്ചത്.

കേസുമായി ബന്ധപ്പെട്ടുള്ള ഹരജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. കേസിൽ ഉത്തർപ്രദേശ് സർക്കാർ, കേന്ദ്ര സർക്കാർ, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. എസ്.​ഐ.ടി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം കേസിൽ കൂടുതൽ നിർദേശങ്ങൾ നൽകുമെന്ന് ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവർ വ്യക്തമാക്കി.

ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസികളെ നിയോഗിക്കണമെന്നും, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ്, ആർ.ജെ.ഡി എം.പി സുധാകർ സിങ് എന്നിവരാണ് ഹരജിക്കാർ.

ലഭിച്ച സംഭാവനകളുടെയും ചെലവഴിച്ച തുകയുടെയും കൃത്യമായ കണക്കുകൾ ട്രസ്റ്റ് സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റൽ ലെഡ്ജറുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, യു.പി​.​​ഐ ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സാമ്പത്തിക രേഖകളും തെളിവ് നശിപ്പിക്കുന്നത് തടയാൻ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി ട്രസ്റ്റിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഉത്തർപ്രദേശ് സർക്കാർ ജൂൺ 13നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനോടകം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും, നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹരജിക്കാരുടെ വാദം. അടുത്ത വാദം കേൾക്കുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. 

Tags