രാജീവ് ഗാന്ധി വധം: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മേജർ രവി; അന്ന് കോൺഗ്രസ് നേതാക്കൾ മാറിനിന്നതെന്തിനെന്ന് ചോദ്യം
കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് കാരണമായതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് രൂക്ഷമായ മറുപടിയുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കളാരും ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്നും, അന്ന് നേതാക്കൾ രാജീവിൽ നിന്ന് അകലം പാലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയുടെ പ്രതികരണം.
രാജീവ് ഗാന്ധിയുടെ സുരക്ഷ പൂർണമായും പിൻവലിച്ചിരുന്നില്ലെന്നും ഡൽഹിയിലെ മെഹ്റൗളിയിലുള്ള ഫാം ഹൗസിൽ എൻ.എസ്.ജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും മേജർ രവി പറഞ്ഞു. ശ്രീപെരുംപത്തൂരിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം പ്രസംഗവേദിയിലേക്കുള്ള 75-100 മീറ്റർ ദൂരത്തിനുള്ളിൽ കോൺഗ്രസ് നേതാക്കളെല്ലാം രാജീവിൽ നിന്ന് മാറിനിന്നത് എന്തിനാണെന്ന് അന്വേഷിക്കണം. സ്ഫോടനത്തിൽ പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്, ഒരു കോൺഗ്രസ് നേതാവിന് പോലും അപകടമുണ്ടായില്ല.
രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം (SIT) പ്രവർത്തിച്ച എൻ.എസ്.ജി ക്യാപ്റ്റനായിരുന്നു താനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്വേഷണത്തിനിടെ ഒരു രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെന്നും, എസ്.ഐ.ടി, സി.ബി.ഐ രേഖകളും അന്നത്തെ വീഡിയോ ദൃശ്യങ്ങളും വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ മുരുകനെയും നളിനിയെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെല്ലൂർ ജയിലിൽ സന്ദർശിച്ചതിന്റെ ഉദ്ദേശ്യം പുറത്തുവരണമെന്നും മേജർ രവി പറഞ്ഞു. ജോൺ എഫ്. കെന്നഡി വധക്കേസ് പോലെ എൽ.ടി.ടി.ഇ വാടകക്കൊലയാളികൾ മാത്രമായിരുന്നെന്നും, അവരുടെ മേൽ കുറ്റം ചാർത്തി ആരാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. പ്രതികളെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്ത തന്നെപ്പോലുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ ഭീഷണിയുള്ളത്. നളിനി പ്രതികാരബുദ്ധിയുള്ള സ്ത്രീയാണെന്നും അവർക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാൻ സാധിക്കുമെന്നും പറഞ്ഞ മേജർ രവി, എത്ര ഭീഷണിയുണ്ടെങ്കിലും തങ്ങൾ സുരക്ഷ ആവശ്യപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു.
.jpg)

