നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും

rajanikanth

മൂന്നാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സൂപ്പർതാരം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.

"നരേന്ദ്ര മോദി തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻപോവുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോ​ഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാം." എന്നായിരുന്നു രജനിയുടെ പ്രതികരണം.

രാഷ്ട്രപതിഭവനിൽ ഞായറാഴ്ച വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർവരെ ഉൾപ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്. 
 

Tags