രാജസ്ഥാൻ പൊലീസ് വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്നു : ആരോപണവുമായി പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

google news
police

കൊട്ട: രാജസ്ഥാൻ പൊലീസ് വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി 2019 ലെ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ ​ഹേമരാജിന്റെ ഭാര്യ മധുബാല മീണ. പുൽവാമ ആക്രമണത്തിൽ മരിച്ച ജവാൻമാരുടെ ഭാര്യമാർ ജയ്പൂരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതിൽ പ​ങ്കെടുത്ത താനുൾപ്പെടെയുള്ള സ്ത്രീകളെ ബലപ്രയോഗത്തിലൂടെ പൊലീസ് കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് എന്ന വ്യാജേന വീട്ടിലെത്തിച്ച് തടങ്കലിലാക്കുകയായിരുന്നുവെന്നും മധുബാല ആരോപിച്ചു.

രാജസ്ഥാൻ ഉപമുഖ്യന്ത്രി സചിൻ പൈലറ്റിന്റെ ജയ്പൂരിലെ വസതിക്ക് മുന്നിലാണ് പുൽവാമ ആക്രമണത്തിൽ മരിച്ച മൂന്ന് ജവാൻമാരുടെ ഭാര്യമാർ പ്രതിഷേധിച്ചത്. ഫെബ്രുവരി 28ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങൾ നീണ്ടതോടെ വെള്ളിയാഴ്ച പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.

ജവാൻമാരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും മറ്റ് സൗകര്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇവർക്കൊപ്പം ബി.ജെ.പി നേതാവ് കിരോദി ലാൽ മീണയും ​പ്രതിഷേധത്തിനുണ്ടായിരുന്നു.

റോഡ് വേണം, വീട് വേണം, പ്രതിമ സ്ഥാപിക്കണം തുടങ്ങിയവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങൾ. ഈ ആവശ്യങ്ങളൊന്നും നടപ്പാക്കിയില്ലെങ്കിൽ വീണ്ടും ധർണ സമരവുമായി എത്തുമെന്നും മധുബാല പറഞ്ഞു. മന്ത്രിമാരുടെ മ​ക്കളൊന്നും സൈന്യത്തിലില്ല. അതിനാൽ അവർക്ക് ഞങ്ങളുടെ വേദന മനസിലാകില്ല. - മധുബാല ആരോപിച്ചു.

അതേസമയം, സംസ്ഥാന സർക്കാറിന്റെ നയങ്ങളെ പിന്തുണക്കുന്ന രക്തസാക്ഷി കുടുംബങ്ങളെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഞായറാഴ്ച സന്ദർശിച്ചു. ‘യുദ്ധത്തിൽ വിധവകളായവർക്ക് സല്യൂട്ട്, ത്യാഗത്തിന് സല്യൂട്ട്’ -അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags