രാജ്യത്ത് പതിനെട്ട് സംസ്ഥാനങ്ങളിൽ മാർച്ച് പതിനഞ്ചുവരെ മഴ മുന്നറിയിപ്പ്


ഡൽഹി: ജമ്മുകാശ്മീർ, ബീഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ പതിനെട്ട് സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. മാർച്ച് 15 വരെയാണ് മുന്നറിയിപ്പ്. കേരളവും തമിഴ്നാടും അലർട്ട് പട്ടികയിലുണ്ട്. രണ്ട് ചുഴലിക്കാറ്റുകളുടെ ഫലമായാണ് മഴയെന്ന് കാലാസ്ഥാ വകുപ്പ് അറിയിച്ചു.
ആദ്യത്തെ ചുഴലിക്കാറ്റ് ഇറാഖിൽ രൂപപ്പെട്ട് പതിയെ ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
മാർച്ച് പത്ത് മുതൽ പതിനഞ്ച് വരെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. പന്ത്രണ്ട് മുതൽ പതിമൂന്നു വരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകും. രാജസ്ഥാനിൽ പതിമൂന്നുമുതൽ പതിനഞ്ച് വരെ തീയതികളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്.

തെക്കൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്നാണ് പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് തമിഴ്നാട് ഗവൺമന്റെ് അറിയിച്ചു. പതിനൊന്ന്, പതിമൂന്ന് തീയതികളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.