രാജ്യത്ത് മഴ ശക്തമാകുന്നു ; വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം
ന്യൂഡൽഹി: രാജ്യത്ത് മഴ കനക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകൾ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. കനത്തമഴയെ തുടർന്ന് ജമ്മുകശ്മീരിലെ രജൗരിയിലും, ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലും മണ്ണിടിച്ചിൽ ഉണ്ടായി.
അസം, മേഘാലയ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 5 ബുധനാഴ്ചയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൺസൂൺ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
.jpg)

