കടുത്ത ചൂടിന് ആശ്വാസമായി ഡൽഹിയിൽ പരക്കെ മഴ
ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുകയായിരുന്ന ദേശീയ തലസ്ഥാന മേഖലയ്ക്ക് (ഡൽഹി-എൻസിആർ) ആശ്വാസമേകി പരക്കെ മഴയും ശക്തമായ പൊടിക്കാറ്റും.കനത്ത ചൂടിന് താല്ക്കാലിക ശമനം നൽകിക്കൊണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും കാറ്റും മഴയും അനുഭവപ്പെട്ടത്.
പലയിടങ്ങളിലും ശക്തമായ ഇടിമിന്നലിനൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പലയിടങ്ങളിലും താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ രേഖപ്പെടുത്തിയിരുന്നു.
കടുത്ത വേനൽച്ചൂടിൽ ജനജീവിതം ദുസ്സഹമായിരിക്കെയാണ് പടിഞ്ഞാറൻ അസ്വാഭാവികതയുടെ ഭാഗമായി അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റം വലിയ ആശ്വാസമായത്. മഴ പെയ്തതോടെ നഗരത്തിലെ താപനിലയിൽ ഗണ്യമായ കുറവുണ്ടായി.
നോർത്ത് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മേഖലകളായ നരേല, ബവാന, അലിപൂർ, ബുരാരി എന്നിവിടങ്ങളിലും സമീപത്തെ ലോണി ദെഹത്, ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ നേരിയ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഹരിയാനയിലെ പാനിപ്പത്ത്, ഉത്തർപ്രദേശിലെ ബാരത് അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കടുത്ത ചൂടിനെ തുടർന്ന് ഡൽഹിയിൽ നേരത്തെ 'യല്ലോ അലർട്ട്' പ്രഖ്യാപിച്ചിരുന്നു.
മഴയെ തുടർന്ന് വരും ദിവസങ്ങളിൽ പരമാവധി താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായി ചുരുങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
മെയ് ആദ്യവാരത്തോടെ മറ്റൊരു പടിഞ്ഞാറൻ അസ്വാഭാവികത കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
.jpg)

