ഇനി പാർസൽ അയയ്ക്കാൻ റെയിൽവേ സ്റ്റേഷനിൽ പോകേണ്ടതില്ല; എട്ട് നഗരങ്ങളിൽ വീട്ടുപടിക്കൽ സേവനത്തിന് റെയിൽവേയുടെ പുതിയ പദ്ധതി

Parcel railway station

പാർസൽ അയയ്ക്കുന്ന നടപടികൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. 'റെയിൽ പാർസൽ ആപ്പ് – ഘർ സെ ഘർ തക്' എന്ന പേരിലുള്ള സംവിധാനത്തിലൂടെ വീട്ടിൽനിന്ന് പാർസൽ ശേഖരിക്കുകയും ലക്ഷ്യസ്ഥാനത്ത് വീട്ടുപടിക്കൽ എത്തിക്കുകയും ചെയ്യുന്ന സേവനമാണ് ലക്ഷ്യമിടുന്നത്. നവംബർ 6-ന് പുറത്തുവന്ന വിവരമനുസരിച്ച്, ഇതിനായുള്ള മൊബൈൽ ആപ്പും വെബ് പ്ലാറ്റ്ഫോമും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നീ എട്ട് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കൾക്ക് ആപ്പിലൂടെ പാർസൽ ബുക്ക് ചെയ്യാനും ഡിജിറ്റൽ പേയ്മെന്റ് നടത്താനും കഴിയും. റെയിൽവേയുമായി സഹകരിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ വീടുകളിൽനിന്ന് സാധനങ്ങൾ ശേഖരിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യും. പാർസൽ എവിടെയെത്തിയെന്ന് ആപ്പിലൂടെ തന്നെ അറിയാനും സാധിക്കും.

പാർസൽ അയയ്ക്കുന്നതിനുള്ള നിരക്ക് ട്രെയിനിന്റെ വിഭാഗം, യാത്രാദൂരം, സാധനത്തിന്റെ ഭാരം, വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. UPI, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ മാർഗങ്ങളിലൂടെ പണമടയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. 15 ദിവസം മുമ്പുവരെ ബുക്കിങ് നടത്താമെങ്കിലും തിരഞ്ഞെടുക്കുന്ന ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യണം. എന്നാൽ ഈ പദ്ധതി ഉടൻ ആരംഭിച്ചതായി കരുതരുത്; ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയശേഷം നടപ്പാക്കുന്ന തീയതി റെയിൽവേ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

Tags