'പ്രതിദിനം 13,000 ട്രെയിന്‍ സര്‍വീസുകള്‍, ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്ര'; വമ്പന്‍ നീക്കവുമായി റെയില്‍വേ

google news
railway

2027 ഓടെ എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ അറിയിക്കുന്നു. റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്‌കരണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എല്ലാവര്‍ഷവും 4,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത് അത് 13,000 ആയി ഉയര്‍ത്താനും റെയില്‍വേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ ട്രെയിനുകളും ട്രാക്കിലിറക്കുമെന്നും എന്‍.ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ദീപാവലിയോട് അനുബന്ധിച്ച് പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. വര്‍ഷം 800 കോടി യാത്രക്കാര്‍ എന്നത് 1,000 കോടിയാക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്.

Tags