ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ അവസാന ഘട്ടം ഏപ്രിൽ 19 ന് ഉദ്‌ഘാടനം ചെയ്യും


ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ അവസാന ഘട്ടം ഏപ്രിൽ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കത്ര മുതൽ സങ്കൽദാൻ വരെയുള്ള അവസാന ഭാഗമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുക.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജ് ആയ ചെനാബ് റെയിൽവേ പാലം ഇനി മുതൽ കത്ര-സങ്കൽദാൻ പാതയുടെ ഭാഗമാകും. നദീതടത്തിൽ നിന്നും 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് വിസ്മയമാണ് ചെനാബ് റെയിൽവേ പാലം. ഇത് കശ്മീർ താഴ്‌വരയെ റെയിൽ വഴി ഇന്ത്യയുടെ മറ്റ് ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിക്കും. ന്യൂഡൽഹിയെ നേരിട്ട് കശ്മീരുമായി ബന്ധിപ്പിക്കുന്നതാണ് കത്ര-സങ്കൽദാൻ പാത.

അതേസമയം, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ ഈ പദ്ധതി യാഥാർത്ഥ്യമാകാൻ അപകടം നിറഞ്ഞ ഭൂപ്രകൃതിയും ഭൂകമ്പ സാധ്യതയും കാരണം നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. പദ്ധതിക്കായി തിരഞ്ഞെടുത്ത മേഖല അപകടം നിറഞ്ഞ പർവ്വത പ്രദേശമായതിനാൽ എൻജിനീയറിങ് രംഗത്തും ലോജിസ്റ്റിക്കൽ പരമായും ധാരാളം വെല്ലുവിളികളാണ് നേരിട്ടത്.