ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സ്റ്റോറുകളിൽ റെയ്‌ഡ് ; പിടിച്ചെടുത്തത് 1.38 കോടിയുടെ പഴകിയ ഉൽപ്പന്നങ്ങൾ

Amazon

 മുൻനിര ഓൺലൈൻ പലചരക്ക് വിതരണ ശൃംഖലകളുടെയും ഇ-കൊമേഴ്‌സ് ഭീമന്മാരുടെയും സംഭരണ കേന്ദ്രങ്ങളിൽ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളും കൃത്രിമങ്ങളും കണ്ടെത്തി. അതിവേഗ ഡെലിവറി വാഗ്ദാനം ചെയ്യുന്ന സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ആമസോൺ എന്നിവയുടെ ബെംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വെയർഹൗസുകളിലും ഡാർക്ക് സ്റ്റോറുകളിലും ഒരേസമയം നടത്തിയ റെയ്ഡിൽ കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 1.38 കോടി രൂപയുടെ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ മിനിറ്റുകൾക്കകം വീട്ടുപടിക്കൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ ഗുണനിലവാരവും ശുചിത്വവും കാറ്റിൽപ്പറത്തിയാണ് പ്രവർത്തിക്കുന്നതെന്ന വ്യാപക പരാതികളെത്തുടർന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികളിലേക്ക് കടന്നത്. വെയർഹൗസുകളിൽ അശാസ്ത്രീയമായി തരംതിരിക്കാതെ സൂക്ഷിച്ച ഉൽപ്പന്നങ്ങൾ, ദുർഗന്ധം വമിക്കുന്ന സാഹചര്യങ്ങൾ, കൃത്യമായ ലൈസൻസുകളോ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡാർക്ക് സ്റ്റോറുകൾ എന്നിവയെല്ലാം പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെയിൽ പ്രവർത്തിക്കുന്ന സെപ്‌റ്റോയുടെ പ്രധാന വിതരണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകളാണ് ശ്രദ്ധയിൽപ്പെട്ടത്. പാക്കിങ് തീയതിയും ഉപയോഗ കാലാവധിയും കഴിഞ്ഞ മാസങ്ങൾ പിന്നിട്ട പായ്ക്കറ്റ് ഭക്ഷണങ്ങൾ, ഭക്ഷ്യ എണ്ണകൾ, പാൽ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ സാധാരണ സാധനങ്ങൾക്കൊപ്പം യാതൊരു വേർതിരിവുമില്ലാതെയാണ് റാക്കുകളിൽ സൂക്ഷിച്ചിരുന്നത്.

സെപ്‌റ്റോയിൽ മാത്രമല്ല, രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമായ ആമസോണിന്റെയും സ്വിഗ്ഗിയുടെ കീഴിലുള്ള ഇൻസ്റ്റാമാർട്ടിന്റെയും പ്രധാന സംഭരണ കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ വൻ ക്രമക്കേടുകളാണ് എഫ്എസ്എസ്എ കണ്ടെത്തിയത്. ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ആമസോൺ, ഇൻസ്റ്റാമാർട്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുട്ടികൾക്ക് നൽകുന്ന ടിൻ ഫുഡുകൾ, ബിസ്‌കറ്റുകൾ, ശീതളപാനീയങ്ങൾ, ചോക്ലേറ്റുകൾ, റെഡി-ടു-ഈറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags