മോദി ദുശ്ശകുനമായെന്ന രാഹുല്‍ പരാമര്‍ശം ; ദില്ലി പൊലീസില്‍ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ 'ദുശ്ശകുനം' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. രാഹുല്‍ ഗാന്ധിക്കെതിരെ ദില്ലി പൊലീസിലാണ് പരാതി എത്തിയത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യ മികച്ച നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്‍പിച്ചെന്ന പരിഹാസം രാഹുല്‍ നടത്തിയത്. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു.