അനധികൃത സ്വത്ത് സമ്പാദന കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം ; തുടർനടപടി താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. കേസിൽ അലഹബാദ് ഹൈക്കോടതിയുടെ തുടർനടപടികൾ തൽക്കാലത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു.
രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കാൻ സി.ബി.ഐയ്ക്കും ഇ.ഡിക്കും അലഹബാദ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇതുവരെ ഉണ്ടായ പുരോഗതി വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നേരിട്ട് സമർപ്പിക്കാൻ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥനോട് ജൂലൈ 20-ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തുകയാണെങ്കിൽ, നിയമപ്രകാരം തുടർനടപടികളുമായി മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കർണാടക സ്വദേശിയായ എസ്. വിഘ്‌നേഷ് ശിശിർ ആണ് പരാതി നൽകിയത്. ബി.ജെ.പി പ്രവർത്തകനായ വിഘ്‌നേഷ്, കോൺഗ്രസ് നേതാവിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് നേരത്തെയും ഹർജികൾ ഫയൽ ചെയ്തിരുന്നു.
.jpg)

