‘മോദിയുടെ കാലം അവസാന ഘട്ടത്തിൽ, പിൻഗാമിയെ തേടാൻ തുടങ്ങി’ : രാഹുൽ ഗാന്ധി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണകാലം ‘അവസാന ഘട്ടത്തിലാണെന്ന്’ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മോദിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. അദ്ദേഹത്തിന്റെ സമയം കഴിഞ്ഞു. മോദി ഭരണത്തിന്റെ അവസാന ഘട്ടമാണിത്. അദ്ദേഹത്തിന്റെ പിൻഗാമിയെ തേടുകയാണ്.’ രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ പൂർണമായും പിന്നോട്ടാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി സർക്കാറിനെതിരെ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കാൻ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ തന്ത്രത്തെക്കുറിച്ചും മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്തു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ യുവാക്കളുടെ ഭാവി തകർത്തുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സമീപ വർഷങ്ങളിൽ 94,000 സ്‌കൂളുകൾ അടച്ചുപൂട്ടിയതായും വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ ലഭിക്കുന്നതിലേക്കുള്ള വ്യക്തമായ ദേശീയ റോഡ്മാപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്ര ട്രസ്റ്റിന് ലഭിക്കുന്ന പണം, സ്വർണം, മറ്റ് സംഭാവനകൾ എന്നിവയെക്കുറിച്ചും മല്ലികാർജുൻ ഖാർഗെ ചോദ്യങ്ങൾ ഉന്നയിച്ചു. സംഭാവനകൾ എങ്ങനെ കണക്കാക്കുന്നുവെന്നും ഉപയോഗിക്കുന്നുണ്ടെന്നും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യം കൃത്യമായി അന്വേഷിക്കണമെന്നും ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.jpg)

