ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിടുകയാണ് ; രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

The biggest crisis facing the country!! Urgent action is needed to resolve the shortage of cooking gas: KC Venugopal

 ന്യൂഡൽഹി: ഹൽദ്വാനിയിലെ ‘ശുദ്ധീകരണ യജ്ഞ’വുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ റാലിക്ക് പിന്നാലെ ഹൽദ്വാനിയിലെ വേദിയിൽ നടത്തിയ ‘ശുദ്ധീകരണ യജ്ഞ’ത്തിനെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് വേണുഗോപാൽ പറഞ്ഞു. ഖാർഗെയെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തെ ബി.ജെ.പി ന്യായീകരിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികനീതിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖാർഗെയെ അപമാനിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുകയും രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആഗസ്റ്റ് 30നാണ് ഹൽദ്വാനി സിറ്റി കോട്വാലി പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആഗസ്റ്റ് എട്ടിന് ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്ന രാംലീല മൈതാനത്ത് പിന്നീട് നടത്തിയ ‘ശുദ്ധീകരണ യജ്ഞ’ത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം.

വാൽമീകി സമുദായാംഗമായ അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ പട്ടികജാതി വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ 3(1)(r), 3(1)(u) വകുപ്പുകൾക്കൊപ്പം ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച രാഹുൽ ഗാന്ധി ‘ശുദ്ധീകരണ യജ്ഞ’ത്തെ തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമെന്ന് വിശേഷിപ്പിക്കുകയും സംഭവത്തിൽ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

2027ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് റാലി നടന്നത്. റാലിക്ക് പിന്നാലെ വലതുപക്ഷ സംഘടനയിലെ ചിലർ വേദിയിൽ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. വിഷയം ഖാർഗെ രാജ്യസഭയിലും ഉന്നയിച്ചിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ ജാതീയമായ വിവേചനമില്ലെന്ന് ബി.ജെ.പി എം.പി സുധാംശു ത്രിവേദി പറഞ്ഞു. ഹിന്ദു സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Tags