'രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന ഭീഷണിയെ ലോകം ഉറ്റുനോക്കുകയാണ്' : ജയറാം രമേശ്
ഡൽഹി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയെ തിരിച്ചടിച്ച് കോൺഗ്രസ്. നദ്ദയുടെ കത്ത് അപക്വവും കഴമ്പില്ലാത്തതെന്നുമെന്ന് വിമർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രാഹുൽ ഗാന്ധിയുടെ ജീവന് നേരെയുള്ള ഗുരുതരമായ ഭീഷണികളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ലജ്ജാകരമായ ശ്രമമാണിതെന്നും പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന ഭീഷണിയെ ലോകമൊന്നടങ്കം ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.
‘നിസ്സാര രാഷ്ട്രീയത്തിനതീതമായി ഉയരാനും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളുടെ നടപടികൾ അപലപിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാൻ ശക്തമായ നടപടി സ്വീകരിക്കാനും ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു.
പ്രതിപക്ഷ നേതാവിനുനേരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഈ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് അദ്ദേഹത്തിന്റെ മൗനം ധൈര്യം പകരുകയാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടി എങ്ങനെയാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്’. എന്നായിരുന്നു രമേശിന്റെ മറുപടി.