പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രാഹുൽ ഗാന്ധി; മദ്യപാന ആരോപണത്തിൽ തിരിച്ചടിച്ച് എഎപി

Rahul Gandhi hits out at Punjab CM Bhagwant Mann; AAP hits back at alcohol allegations

സംരൂർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ കടുത്ത വ്യക്തിഗത വിമർശനവുമായി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പഞ്ചാബിലെ രൂക്ഷമായ ലഹരിവിപത്തിനെതിരെ സംസാരിക്കവെ, മുഖ്യമന്ത്രി ഭഗവന്ത് മൻ സ്ഥിരമായി മദ്യത്തിന്റെ സ്വാധീനത്തിലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സംരൂരിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ 'ഇൻസാഫ് റാലി'യിലാണ് സംഭവം.

ലോക്‌സഭാംഗമായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധി, ഭഗവന്ത് മൻ മുൻപ് തങ്ങളോടൊപ്പം ഇരുന്ന് തമാശകൾ പറയാറുണ്ടായിരുന്നെന്നും എന്നാൽ രാവിലെ 11 മണിക്ക് തന്നെ അദ്ദേഹത്തിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു. മദ്യപിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെങ്കിലും, ലഹരിവിപത്തിനെതിരെ പോരാടേണ്ട സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾക്ക് എല്ലാ ദിവസവും വൈകുന്നേരം മദ്യത്തിന്റെ സ്വാധീനത്തിൽ തുടരാനാകില്ലെന്നും പഞ്ചാബിന് യഥാർത്ഥ ഹൃദയതുടിപ്പറിയുന്ന നേതൃത്വമാണ് ആവശ്യമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന ഒരു നേതാവിൽ നിന്നും ഇത്തരത്തിലുള്ള താഴ്ന്ന നിലവാരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും മുൻപ് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ കൊണ്ട് കാര്യവുമില്ലെന്നും എഎപി വ്യക്തമാക്കി.

Tags