പ്രധാനപ്പെട്ട നയതന്ത്ര വിഷയങ്ങളിൽ സർക്കാരിന് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നത് : ഹൈബി ഈഡൻ

hibi eedan

 ഡൽഹി: പ്രധാനപ്പെട്ട നയതന്ത്ര വിഷയങ്ങളിൽ സർക്കാരിന് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. രാഹുൽ ഗാന്ധിക്ക് പറയാനുള്ളത് കേൾക്കാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്നും അത് തടയുന്നതിലൂടെ കേന്ദ്ര സർക്കാർ തങ്ങളുടെ വീഴ്ചകൾ ഒളിച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് സസ്‌പെൻഷൻ നേരിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

മുൻപ് പലപ്പോഴും അന്തരിച്ച നേതാക്കളുടെ പേരുകളും പുസ്തകങ്ങളിലെ പരാമർശങ്ങളും പാർലമെന്റിൽ ചർച്ചയാവാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നെഹ്‌റുവിനെ ഉദ്ധരിച്ചും പുസ്തകങ്ങൾ കോട്ട് ചെയ്തും പലതവണ സംസാരിച്ചിട്ടുള്ള കാര്യം ഹൈബി ഈഡൻ ഓർമ്മിപ്പിച്ചു. ഇന്ത്യ അലയൻസിലെ എല്ലാ എംപിമാരും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണെന്നും സസ്‌പെൻഷൻ നടപടി കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കരസേനാ മേധാവി എം.എം. നർവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ ദുരൂഹതകളെക്കുറിച്ചുമുള്ള ചർച്ചകളാണ് പാർലമെന്റിനെ പ്രക്ഷുബ്ധമാക്കിയത്. കാരവൻ മാഗസിനിലെ ലേഖനം ഉയർത്തിക്കാട്ടി സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭയിൽ പ്രതിഷേധം കടുത്തു. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും പേപ്പറുകൾ കീറിയെറിഞ്ഞും പ്രതിഷേധിച്ച ഡീൻ കുര്യാക്കോസും ഹൈബി ഈഡനും അടക്കം എട്ട് എംപിമാരെയാണ് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

Tags