കൊവിഡ് മരണത്തിന്റെ കണക്കില്‍ ‘മോദി ജി സത്യം പറയില്ല’; രാഹുല്‍ ഗാന്ധി

google news
Rahul Gandhi

കൊവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ സൂചിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയിലെ കൊവിഡ് മരണ കണക്കുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുല്‍ രംഗത്തെത്തിയത്. രാജ്യത്ത് 40 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തന്റെ വാദം ശരിയാണെന്നും ഇവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

“മോദി ജി സത്യം പറയില്ല, സത്യം പറയാന്‍ മറ്റുള്ളവരെ അനുവദിക്കുകയുമില്ല. ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചില്ലെന്ന കള്ളമാണ് അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് 40 ലക്ഷം ഇന്ത്യക്കാര്‍ മരണപ്പെട്ടുവെന്ന് താൻ നേരത്തേയും പറഞ്ഞിട്ടുണ്ട്. മോദി ജി ദയവായി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കണം”- രാഹുല്‍ ട്വീറ്റ് ചെയ്തു.

Tags