ഇൻഡോറിലെ രാഹുൽ ഗാന്ധിയുടെ 'ഛത്രോം കി ഗൂഞ്ച്' പരിപാടി സെപ്റ്റംബർ 19 ലേക്ക് മാറ്റി
ഇൻഡോർ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു. സെപ്റ്റംബർ 12ന് ഇൻഡോറിൽ നടത്താൻ തീരുമാനിച്ചിരുന്ന 'ഛത്രോം കി ഗൂഞ്ച്' പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഛത്രോം കി ഗൂഞ്ചിന് ഇൻഡോറിലെ സ്‌റ്റേഡിയം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ പരിപാടികൾക്ക് ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടു നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി സെപ്റ്റംബർ 19 ലേക്ക് മാറ്റിവച്ചതായി കോൺഗ്രസ് ബുധനാഴ്ച അറിയിക്കുകയായിരുന്നു. പുതിയ വേദി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചത്. വിഷയത്തിൽ കോൺഗ്രസ് രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ബിജെപി സർക്കാരിന് രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് സംസാരിക്കുന്നത് പേടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജിതു പട്വാരി ഇക്കാര്യം അറിയിച്ചത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 'ഛത്രോൺ കി ഗൂഞ്ച്' നടത്താൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 12ലെ പരിപാടി സെപ്റ്റംബർ 19ലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 12 ലെ പരിപാടിക്ക് സ്റ്റേഡിയം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് പട്വാരി മുഖ്യമന്ത്രി മോഹൻ യാദവിന് നേരത്തെ കത്തെഴുതിയിരുന്നു. രാഹുൽ ഗാന്ധിയുടെ പരിപാടി സാധാരണ രാഷ്ട്രീയ പരിപാടിയല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി, യുവാക്കളുടെ സ്വപ്നങ്ങൾ, വിദ്യാഭ്യാസത്തിനുള്ള അവകാശം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പൊതു സംവാദമാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയും കോൺഗ്രസ് രേഖപ്പെടുത്തി.
.jpg)

