'രാഹുല്‍ ഗാന്ധി രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ്'; ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ബിജെപി അദ്ധ്യക്ഷന്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണെന്ന് ജെപി നദ്ദ ആരോപിച്ചു. അതേസമയം ബിജെപി രാജ്യത്തിന്റെ സമഗ്രമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നദ്ദ അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വിജയ സങ്കല്‍പ യാത്രയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്ത രാഹുല്‍ ഗാന്ധി വിദേശത്ത് പോയി ഇന്ത്യയിലെ ജനാധിപത്യം ഭീഷണിയിലാണെന്ന് ആരോപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. '2014ന് മുമ്പ് ഇന്ത്യ അഴിമതിയില്‍ മുങ്ങിപ്പോയിരുന്നു. 2ജി, 3ജി, കോമണ്‍വെല്‍ത്ത് പോലുള്ള അഴിമതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം ലോകത്തിലെ മുന്‍നിര രാഷ്ട്രങ്ങളില്‍ ഒന്നാണ്. കോണ്‍ഗ്രസിന്റെ അഴിമതി, ക്രിമിനല്‍വല്‍ക്കരണം, രാജവംശ ഭരണം എന്നിവയില്‍ നിന്ന് മോദി രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ മാറ്റിമറിച്ചു', നദ്ദ പറഞ്ഞു.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മോദി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും നദ്ദ അഭിപ്രായപ്പെട്ടു. 'കോണ്‍ഗ്രസ് ഇന്നും രാജവംശ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു. കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മോദിയും യെദ്യൂരപ്പയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വളരെ സാധാരണക്കാരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിങ്ങളെ തള്ളിക്കളഞ്ഞു', രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അദ്ധ്യക്ഷന്‍ ആഞ്ഞടിടിച്ചു.