'രാഹ്-വീർ' പദ്ധതി ; റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ സഹായിക്കുന്നവർക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

accident 1

 ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സർക്കാർ 25,000 രൂപ പ്രതിഫലം നൽകും. കേന്ദ്ര സർക്കാരിന്റെ 'രാഹ്-വീർ' പദ്ധതി തലസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. അപകടം നടന്നതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ പല ജീവനുകളും രക്ഷിക്കാനാകും. അപകടം കണ്ടുനിൽക്കുന്നവർ നിയമക്കുരുക്കുകളെ ഭയപ്പെടാതെ സഹായത്തിന് മുന്നോട്ടുവരുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി.

tRootC1469263">

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഗോൾഡൻ അവറിനുള്ളിൽ ആശുപത്രിയിലോ ട്രോമ സെന്ററിലോ എത്തിക്കുന്ന ആർക്കും ഈ തുകക്ക് അർഹതയുണ്ട്. 25,000 രൂപക്ക് പുറമെ ഒരു സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും. ഒരു അപകടത്തിൽ ഒന്നിലധികം പേരെ രക്ഷിച്ചാലും ഒരാൾക്ക് പരമാവധി 25,000 രൂപയായിരിക്കും ലഭിക്കുക. കൂടാതെ വർഷത്തിൽ മികച്ച രീതിയിൽ സേവനം ചെയ്യുന്ന 10 പേരെ തിരഞ്ഞെടുത്ത് 1 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും നൽകും. ‘നിയമപരമായ നൂലാമാലകളോ പൊലീസ് നടപടികളോ ഭയന്നാണ് പലരും സഹായത്തിന് മടിക്കുന്നത്. ഈ പദ്ധതി അത്തരം ആശങ്കകൾ അകറ്റുകയും പൗരന്മാരെ സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും’ എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ചീഫ് മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരടങ്ങുന്ന സമിതി കേസുകൾ പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്ന് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ഈ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ ഓരോ ജില്ലയിലും ഒരു ഡിസ്ട്രിക്റ്റ് ലെവൽ ഇവാലുവേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിൽ പ്രധാനമായും നാല് ഉദ്യോഗസ്ഥരാണുള്ളത്. അപകടത്തിൽപ്പെട്ടയാളെ പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന മെഡിക്കോ ലീഗൽ കേസ് രേഖകളാണ് പ്രാഥമിക തെളിവ്. സഹായിച്ച വ്യക്തിയുടെ പേരും വിവരങ്ങളും ആശുപത്രി അധികൃതർ രേഖപ്പെടുത്തും. 

Tags