'നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല' ; ആഞ്ഞടിച്ച് രാഘവ് ഛദ്ദ
ഡൽഹി : ആം ആദ്മി പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമാക്കി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ രംഗത്ത്. രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് തൊട്ടുപിന്നാലെ, അരവിന്ദ് കെജ്രിവാൾ നയിക്കുന്ന പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായാണ് ഛദ്ദ പ്രതികരിച്ചത്. തന്നെ പാർലമെൻ്റിൽ സംസാരിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഘവ് ഛദ്ദ തൻ്റെ അതൃപ്തി വ്യക്തമാക്കിയത്.
പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് കുറ്റമാണോ എന്ന് അദ്ദേഹം ചോദിച്ചു. "പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ പൊതുവിഷയങ്ങളാണ് ഉന്നയിക്കാറുള്ളത്. ആരും ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഞാൻ അവിടെ സംസാരിക്കാറുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്നത് തെറ്റാണോ? ഞാൻ ഇന്ന് ഈ ചോദ്യം ചോദിക്കാൻ കാരണം, രാജ്യസഭയിൽ എന്നെ സംസാരിക്കുന്നതിൽ നിന്ന് തടയാൻ ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതിനാലാണ്," ഛദ്ദ പറഞ്ഞു.
ഇന്നലെയാണ് രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റാൻ എഎപി തീരുമാനിച്ചത്. പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ ഈ സ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിക്കുകയും ചെയ്തു.
.jpg)


