ഭര്‍ത്താവിന്റെ വനിതാ സുഹൃത്തിനെ കൊലപ്പെടുത്താന്‍ 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ ; കാറിന്റെ ജിപിഎസ് ട്രാക്ക് ചെയ്യാന്‍ അനുമതി നല്‍കിയത് തെളിവായി
പുണെ വിമാനത്താവളത്തിലെ എയര്‍ഹോസ്റ്റസായ വര്‍ഷ തുര്‍ക്കറാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവിന്റെ വനിതാ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തും എയര്‍ ഇന്ത്യ ജീവനക്കാരിയുമായ 35കാരിയെ കൊലപ്പെടുത്താന്‍ 13 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് പ്രതി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുഖ്യ ആസൂത്രക മോണ അഗര്‍വാള്‍, കുനാല്‍ കുംഭല്‍ക്കര്‍, ഷാറൂഖ് പത്താന്‍, ഇമ്രാന്‍ ഷെയ്ഖ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
പുണെ വിമാനത്താവളത്തിലെ എയര്‍ഹോസ്റ്റസായ വര്‍ഷ തുര്‍ക്കറാണ് കൊല്ലപ്പെട്ടത്. നവംബര്‍ 14-ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം വര്‍ഷയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വനമേഖലയില്‍ വച്ചാണ് ആക്രമണം നടന്നത്.
കവര്‍ച്ചാശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 13 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവ് നിതേഷ് അഗര്‍വാളിന് വര്‍ഷയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ മോണ അഗര്‍വാള്‍ (41) സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വര്‍ഷയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച മോണ 13 ലക്ഷം രൂപ നല്‍കി കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കേസ്. ഇതിനായി അയല്‍വാസിയായ കുനാല്‍ ശ്യാംലാല്‍ കുംഭല്‍ക്കറിന്റെ (31) സഹായം തേടി. ഇയാള്‍ ഷാറൂഖ് ഖാന്‍ എന്നയാളുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഷാറൂഖ് കൊലപാതകം നടപ്പാക്കാന്‍ മൂന്നുപേരെ ഏര്‍പ്പാടാക്കുകയായിരുന്നു.
നവംബര്‍ 14-ന് നിതേഷിനൊപ്പം വര്‍ഷ തിറോഡയിലേക്ക് പോയിരുന്നു. വര്‍ഷയും നിതേഷും ഏറെക്കാലമായി പരിചയക്കാരായിരുന്നു. വൈകുന്നേരം മടങ്ങുന്നതിനിടെ ബോണ്‍ഡ്രാനി വനമേഖലയിലെ ശിവക്ഷേത്രത്തിന് സമീപം ഇരുവരും വാഹനം നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വര്‍ഷയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. വയറിലും പുറത്തുമായി നിരവധി കുത്തേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അജ്ഞാതരായ കവര്‍ച്ചാസംഘമാണ് ആക്രമിച്ചതെന്നായിരുന്നു നിതേഷ് ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വര്‍ഷയുടെ സ്വര്‍ണമാലയും മറ്റ് ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന വാദത്തില്‍ പൊലീസിന് സംശയം തോന്നി. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു.
നിതേഷ് ഓടിച്ചിരുന്ന കാര്‍ ഭാര്യ മോണയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ജിപിഎസ് ആപ്ലിക്കേഷന്റെ ലോഗിന്‍ വിവരങ്ങള്‍ ആക്രമികളുടെ ഫോണുകളില്‍ മോണ കണക്ട് ചെയ്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ് 200 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.ഒടുവില്‍ കുറ്റവാളിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
.jpg)

