'ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ല'; വീണ്ടും റീലുമായി പ്രധാനമന്ത്രി

modi

വിശ്വസനീയവുമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കേന്ദ്രം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി റീല്‍ തുടങ്ങിയത്.

പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാം റീലിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയവുമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കേന്ദ്രം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി റീല്‍ തുടങ്ങിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

'വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി ഒന്നിനുപുറകെ ഒന്നായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധിപ്പേരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും കണക്കിലെടുക്കുന്നുണ്ട്. പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട ആരെയും, രാജ്യത്തെ കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്ന ഒരു സംഘത്തെയും വെറുതെ വിടില്ല,' അദ്ദേഹം പറഞ്ഞു.

പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോര്‍ച്ചയും തടയാന്‍ ശിക്ഷ കര്‍ശനമാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്‍. പൊതുപരീക്ഷകളിലെ അന്യായ നടപടികള്‍ തടയുന്നതിനായുള്ള നിയമത്തിലാണ് സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്.

Tags