10 വയസുകാരിയുടെ കൊലപാതകത്തെക്കുറിച്ച് ചോദ്യം; രാഷ്ട്രീയം വേണ്ട, ഭരണത്തെക്കുറിച്ച് ചോദിക്കൂ എന്ന് മന്ത്രി
രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ടുളള മന്ത്രിയുടെ മറുപടി
കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് ചിരിച്ച് ഒഴിഞ്ഞുമാറി ടിവികെ മന്ത്രി. എസ് കീര്‍ത്തനയാണ് രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. കോയമ്പത്തൂരിലെ സംഭവം തമിഴ്നാടിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു, ഒരു സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് ഈ വിഷയം നോക്കിക്കാണുന്നത്, എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഇപ്പോള്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ, രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ടുളള മന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'തലൈവര്‍ എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും' എന്നായിരുന്നു അവരുടെ മറുപടി.
സംഭവത്തില്‍ കീര്‍ത്തനയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയുടേത് ഹൃദയശൂന്യമായ പെരുമാറ്റമാണ് എന്നും പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെക്കുറിച്ചുളള ചോദ്യത്തിന്, ഭരണപരമായ ചോദ്യങ്ങള്‍ക്കേ മറുപടി നല്‍കൂ എന്ന് പറഞ്ഞ് മന്ത്രി ചിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഡിഎംകെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് അതിവൈകാരികമായി കീര്‍ത്തന സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പത്തുവയസുകാരിയുടെ കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് എത്തിയ പൊലീസുകാര്‍ പൊട്ടിച്ചിരിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
.jpg)

