നിയമസഭയില്‍ താന്‍ സംസാരിക്കവേ തത്സമയ സംപ്രേഷണത്തില്‍ തന്നെ കാണിച്ചില്ല, ആം ആദ്മി പാര്‍ട്ടി നേതാക്കളെയാണ് മുഴുവന്‍ സമയവും കാണിച്ചത്: പഞ്ചാബ് പ്രതിപക്ഷനേതാവ്

google news
sing
ഛണ്ഡീഗഡ് : നിയമസഭാ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പക്ഷപാതപരമാണെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് ബജ്വ ഹൈക്കോടതിയില്‍.

നിയമസഭയില്‍ താന്‍ സംസാരിക്കവേ തത്സമയ സംപ്രേഷണത്തില്‍ തന്നെ കാണിച്ചില്ലെന്നും, ആം ആദ്മി പാര്‍ട്ടി നേതാക്കളെയാണ് മുഴുവന്‍ സമയവും കാണിച്ചതെന്നും ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

‘പ്രതിപക്ഷത്തെ ഒരു എം.എല്‍.എ സംസാരിക്കുമ്പോള്‍ ക്യാമറ ഫോക്കസ് ചെയ്യാതിരിക്കുകയും പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യാതിരിക്കുകയുമാണ്. എന്നാല്‍ സ്പീക്കറോ, മുഖ്യമന്ത്രിയോ ആം ആദ്മി എം.എല്‍.എമാരോ സംസാരിക്കുമ്പോള്‍ ശബ്ദം കൃത്യമായി കേള്‍ക്കുകയും ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യുകയും സംസാരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവിനെ കൃത്യമായി മനസിലാകാനായി സൂം ചെയ്യുകയും ചെയ്യുന്നു’, പ്രതാപ് സിങ് ബജ്വ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

നിയമസഭാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ പ്രതിപക്ഷത്തെ നിസ്സാരവത്കരിക്കാനുള്ള ശ്രമങ്ങള്‍ പലതവണ ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ പറഞ്ഞു.

ഭരണപക്ഷത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടും പ്രതിപക്ഷത്തെ നിസ്സാരവത്കരിച്ചുമുള്ള അന്യായമായ തത്സമയ സംപ്രേഷണം ശ്രദ്ധയില്‍കൊണ്ടുവരാന്‍ പലതവണ ശ്രമിച്ചെന്നും എന്നാല്‍, പ്രശ്നത്തില്‍ യാതൊരു പരിഹാര നടപടിയും ഉണ്ടാവാത്തതിനാലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതെന്നും പ്രതാപ് സിംഗ് വ്യക്തമാക്കി.

Tags