പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മാനിന് Z+ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തുടനീളം സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഖാലിസ്താന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ അറസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
അതിര്‍ത്തി സംസ്ഥാനത്തെ ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സും സുരക്ഷാ ഏജന്‍സികളും ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്ര തീരുമാനം. Z+ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതോടെ 55 കമാന്‍ഡോകളെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കും. പത്തിലധികം എന്‍എസ്ജി കമാന്‍ഡോകള്‍ ഇതില്‍ പങ്കാളികളാകും.
മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസുകളിലും സംസ്ഥാന സന്ദര്‍ശന സ്ഥലങ്ങളിലും സ്‌ക്രീനിങ്ങിനും ദേഹപരിശോധനയ്ക്കും പ്രത്യേക സംവിധാനം ഒരുക്കും. കൂടാതെ മീറ്റിംഗുകളും റോഡ്‌ഷോകളും ഉള്‍പ്പെടെയുള്ള പൊതു സമ്പര്‍ക്ക സമയത്ത് മതിയായ ആള്‍ക്കൂട്ട നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. പഞ്ചാബ് പൊലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ചില്‍ ഭഗവന്ത് മാനിന്റെ മകള്‍ക്ക് ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളില്‍ നിന്ന് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു.