പൗരത്വം തെളിയിക്കാൻ 15 രേഖകൾ ഹാജരാക്കിയിട്ടും തിരിച്ചടി ; അസം സ്വദേശിയെ 'വിദേശി'യായി പ്രഖ്യാപിച്ച് ഗുവാഹത്തി ഹൈക്കോടതി

Setback despite producing 15 documents to prove citizenship; Guwahati High Court declares Assam native a 'foreigner'.

 ഇന്ത്യൻ പൗരത്വം തെളിയിക്കാൻ 15 രേഖകൾ ഹാജരാക്കിയിട്ടും ഒരു അസം സ്വദേശിക്ക് തിരിച്ചടി. താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഗുവാഹത്തി ഹൈക്കോടതി ഇയാളെ വിദേശിയായി പ്രഖ്യാപിച്ചു. ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, ഷമീമ ജഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.

1951-ലെ എൻആർസി രേഖകൾ, 1996 മുതൽ 2017 വരെയുള്ള വോട്ടർ പട്ടികകൾ, 1973-ലെ ഭൂമി വാങ്ങിയ ആധാരം, സ്കൂൾ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങിയ 15 പ്രധാനപ്പെട്ട രേഖകളാണ് ഇയാൾ ഹാജരാക്കിയത്. എന്നാൽ ഇതിൽ ഭൂരിഭാഗവും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. 1951-ലെ എൻആർസി രേഖകൾ കമ്പ്യൂട്ടർ വഴി ജനറേറ്റ് ചെയ്ത പകർപ്പുകൾ മാത്രമാണെന്നും, അവയ്ക്ക് എവിഡൻസ് ആക്ട് പ്രകാരമുള്ള സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്കൂൾ സർട്ടിഫിക്കറ്റിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് കോടതി സ്വീകരിച്ചത്. സർട്ടിഫിക്കറ്റ് നൽകിയ പ്രധാനാധ്യാപകനെയോ സ്കൂളിലെ അഡ്മിഷൻ രജിസ്റ്ററോ തെളിവായി ഹാജരാക്കാൻ യുവാവിന് കഴിഞ്ഞില്ല. 1973-ലെ ഭൂമി വാങ്ങിയ ആധാരം കുടുംബാംഗങ്ങൾ തമ്മിലുള്ള രക്തബന്ധം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി. പാൻ കാർഡോ വോട്ടർ ഐഡി കാർഡോ പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും കോടതി ആവർത്തിച്ചു.

പ്രത്യേകിച്ചും, വിവിധ വോട്ടർ പട്ടികകളിലെ വയസ്സിലുള്ള വ്യത്യാസങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകളുടെ അഭാവവും വിധിയിൽ പ്രതികൂലമായി ബാധിച്ചു. പിതാവിന്റെയും മകന്റെയും പേരുകൾ വ്യത്യസ്ത സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ വന്നതും കോടതി ചോദ്യം ചെയ്തു. വാക്കാലുള്ള മൊഴികൾ മാത്രം വെച്ച് പൗരത്വം തെളിയിക്കാനാവില്ലെന്നും, രേഖാമൂലമുള്ള കൃത്യമായ തെളിവുകൾ തന്നെ വേണമെന്നും കോടതി ഓർമ്മിപ്പിച്ചു.

Tags