വീണ്ടും വന്ദേമാതരം ആദ്യം ; തമിഴ് തായ് വാഴ്ത്ത് മൂന്നാമത് പാടി, വിജയ്ക്കും ടിവികെയ്ക്കുമെതിരേ പ്രതിഷേധം

Dissension in TVK in Tamil Nadu? CPM says it will withdraw support if AIADMK is included in the cabinet


ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ തമിഴ് ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ച ക്രമത്തെച്ചൊല്ലി വീണ്ടും പ്രതിഷേധം. തമിഴ്നാട്ടിലെ കീഴ്‌വഴക്കമനുസരിച്ച് സർക്കാർ ചടങ്ങുകളുടെ തുടക്കത്തിലാണ് തമിഴ് ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രി വിജയ്‌യുടെയും തുടർന്ന് 23 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഈ ക്രമം പാലിക്കപ്പെട്ടില്ലെന്നാണ് വിമർശനം. ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയഗാനമായ ജനഗണമനയും ആലപിക്കുകയായിരുന്നു. മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്.


ഭരണകക്ഷിയിലെ ഘടകകക്ഷികളും പ്രതിപക്ഷമായ ഡിഎംകെയും ഇതിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും തമിഴ് വികാരത്തെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ, ഗവർണറുടെ ഇടപെടൽ കാരണമാണ് ഈ മാറ്റം സംഭവിച്ചതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. തമിഴ് സംസ്‌കാരത്തിന് മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ ആചാരങ്ങളിൽ കേന്ദ്രം നടത്തുന്ന ഈ രാഷ്ട്രീയ ഇടപെടലിനെതിരേ തമിഴ്നാട്ടിൽ വൻ ജനരോഷം ഉയരുന്നുണ്ട്.

ഗവർണറുടെ ഓഫീസാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിച്ചതെന്നും കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ചാണ് ഗവർണർ പ്രവർത്തിച്ചതെന്നുമാണ് ഭരണകക്ഷിയായ ടിവികെ വിശദീകരിക്കുന്നത്.

നേരത്തേ മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും 'തമിഴ് തായ് വാഴ്ത്ത്' അവസാനം ആലപിച്ചതിനെതിരേ പ്രതിഷേധമുണ്ടായിരുന്നു. അന്നും ഡി.എം.കെയും പ്രധാന സഖ്യകക്ഷികളും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽനിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്നാണ് ടിവികെ നൽകിയ വിശദീകരണം. മാത്രമല്ല, ഇനിയുള്ള എല്ലാ സർക്കാർ പരിപാടികളിലും ആദ്യം തമിഴ് ഗീതം അലപിക്കുമെന്ന് വിജയ്‌യും ടിവികെയും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തമിഴ് ഗീതം ക്രമംതെറ്റിച്ച് പാടിയത്.

ഇതോടെ തമിഴ് അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയ വിജയ് സർക്കാർ അതിൽ പരാജയപ്പെട്ടുവെന്ന് ഡിഎംകെ ആരോപിച്ചു. വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്, സി.പി.ഐ, എം.ഡി.എം.കെ തുടങ്ങിയ കക്ഷികളും ഇതിനെതിരേ രംഗത്തെത്തി.

Tags