പ്രവേശന നടപടികളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് പ്രതിഷേധം; നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ജാമിയ മില്ലിയ സർവകലാശാല
ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലയളവിൽ ഇവർക്ക് സർവകലാശാലാ ക്യാമ്പസിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.ഓഗസ്റ്റ് 24ന് സർവകലാശാലയിലെ സെൻട്രൽ കാന്‍റീനിൽ അനുമതിയില്ലാതെ ധർണ നടത്തിയ വിദ്യാർഥികൾക്കെതിരെയാണ് നടപടി. പ്രതിഷേധങ്ങൾ ഗേറ്റ് നമ്പർ 18ന് സമീപം പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് മാത്രമേ നടത്താവൂ എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. ഓഗസ്റ്റ് 26ന് സർവകലാശാല ചീഫ് പ്രോക്റ്റർ ആണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.വ്യത്യസ്ത കാലയളവുകളിലേക്കാണ് നാല് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ക്യാമ്പസിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കൂടാതെ, കൂടുതൽ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വിദ്യാർഥിയെ 10 ദിവസത്തേക്കും രണ്ട് പേരെ ഒരാഴ്ച വീതവും മറ്റൊരാളെ വിദ്യാർഥിയെ മൂന്ന് ദിവസത്തേക്കുമാണ് സസ്പെൻഡ് ചെയ്തതെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. കുറ്റത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് കാലയളവിൽ വ്യത്യാസം വരുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങൾക്ക് തടസമുണ്ടാകാതിരിക്കാനാണ് സസ്പെൻഷൻ കാലയളവ് ചുരുക്കിയതെന്നും വിദ്യാർഥികളെ ശിക്ഷിക്കുകയെന്നത് സർവകലാശാലയുടെ ലക്ഷ്യമല്ലെന്നും അധികൃതർ പറഞ്ഞു. പരാതികളും ആവശ്യങ്ങളും ഉചിതമായ മാർഗങ്ങളിലൂടെ ഉന്നയിക്കണമെന്നാണ് സർവകലാശാലയുടെ നിലപാട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ജാമിയയിലെ നാഷണൽ സ്റ്റുഡന്‍റസ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ അനിശ്ചിതകാല ധർണ നടത്തിയിരുന്നു. പരീക്ഷാഫലങ്ങളിൽ സുതാര്യത ഉറപ്പാക്കുക, പ്രവേശന നടപടികൾ പുനഃപരിശോധിക്കുക, പ്രവേശനത്തിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികളെ ക്യാമ്പസിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും എൻഎസ്‌യുഐ ആരോപിച്ചിരുന്നു.അതേസമയം, സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) നേരത്തെ ഉന്നയിച്ച സമാന ആരോപണങ്ങൾ ജാമിയ മില്ലിയ ഇസ്‌ലാമിയ തള്ളിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർവകലാശാലയുടെ പ്രവേശന നടപടികൾ അതീവ സുതാര്യമായതാണെന്നും അതിൽ കൃത്രിമം നടത്താൻ കഴിയില്ലെന്നുമായിരുന്നു സർവകലാശാലയുടെ വിശദീകരണം.
.jpg)

