ജന്തർ മന്തറിലെ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിലേക്ക്

Protest at Jantar Mantar: CJP leaders Saurav Das and Ashutosh Ranki sent to Tihar Jail

ന്യൂഡല്‍ഹി: ജന്തര്‍ മന്തർ പ്രതിഷേധത്തിന് പിന്നാലെ  കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്ത അജിന്‍ക്യ ഷിന്‍ഡെയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. ബാരിക്കേഡുകള്‍ മറികടന്ന് ജന്തര്‍ മന്തറില്‍ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനു പിന്നാലെയാണു മൂന്നുപേരേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോണ്ട് ലംഘനം, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 8 മണിയോടെ ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൂന്ന് നേതാക്കളെയും ഹാജരാക്കിയിരുന്നു. ജന്തര്‍ മന്തറില്‍ ദേശീയ പതാക ഉയര്‍ത്തിയതിനാണ് അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജുഡീഷ്യല്‍ കസ്റ്റഡി ലഭിച്ചതെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എക്‌സിലൂടെ വിമര്‍ശിച്ചു. വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദിപ്‌കെ ആരോപിച്ചു. അജിന്‍ക്യ ഷിന്‍ഡെയെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചതായി സിജെപി നിയമ വിഭാഗം തലവന്‍ രത്‌ന സിങ് അറിയിച്ചു.

നേരത്തെ സമാന രീതിയില്‍ പ്രതിഷേധിച്ചപ്പോള്‍ 50,000 രൂപയുടെ ബോണ്ട് നല്‍കി ഒരു വര്‍ഷത്തേക്ക് സമാധാനാന്തരീക്ഷം തകര്‍ക്കില്ലെന്ന വ്യവസ്ഥയില്‍ ഇവരെ വിട്ടയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെ സിജെപി നടത്തുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഈ അറസ്റ്റുകള്‍. ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ക്കായി രാംലീല മൈതാനം, ബുസാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവ മാത്രമാണ് അനുവദനീയമായ ഇടങ്ങളെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജന്തര്‍ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ നടപടിയെ സിജെപി ശക്തമായി എതിര്‍ക്കുന്നുണ്ട്.

Tags