ഇന്ത്യ ഗേറ്റിലെ പ്രതിഷേധം; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഇന്ത്യ ഗേറ്റില് പ്രതിഷേധിക്കാന് അനുമതി ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇന്ത്യ ഗേറ്റിന് മുന്നില് സമരം ചെയ്ത അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിസെടുത്ത് വിട്ടയച്ചു. ഇന്ന് പുലര്ച്ചെ 4.15 നാണ് ഇന്ത്യ ഗേറ്റില് നിന്ന് ഇവരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം സമരത്തിനിരുന്ന കോണ്ഗ്രസ് നേതാക്കളെയും കസ്റ്റഡിയില് എടുത്തിരുന്നു. ഇന്ത്യ ഗേറ്റില് പ്രതിഷേധിക്കാന് അനുമതി ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അടക്കം സമര സ്ഥലത്ത് എത്തിയിരുന്നു.
ദുഷ്യന്ത് കുമാറിനെ നിലവില് സിക്കിം ഗവര്ണറായി നിയമിച്ചതിനെതിരെയായിരുന്നു അങ്കിതയുടെ മാതാപിതാക്കളുടെ പ്രതിഷേധം. അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ചുമതലയുള്ള ദേശീയ ജനറല് സെക്രട്ടറിയായിരുന്ന ദുഷ്യന്ത് കുമാര് ഗൗതമിനെതിരെ ആരോപണമുയര്ന്നിരുന്നു. ഉത്തരാഖണ്ഡിലെ വന്താര റിസോര്ട്ടില് റിസപ്ഷനിസ്റ്റ് ആയിരുന്ന അങ്കിത ഭണ്ഡാരി 2022 സെപ്റ്റംബര് 18 നാണ് കൊല്ലപ്പെടുന്നത്. കണാതായി ആറ് ദിവസത്തിന് ശേഷം കനാലില് നിന്നാണ് അങ്കിതയുടെ മൃതദേഹം ലഭിച്ചത്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുല്കിത് ആര്യയുടെ ഉടമസ്ഥതയില് ഉള്ളതായിരുന്നു റിഷികേശിലെ റിസോര്ട്ട്. പുല്കിത് ആര്യയാണ് അങ്കിതയുടെ മരണത്തില് ആരോപണം നേരിടുന്ന പ്രധാനി.
ഒരു അന്വേഷണം നടക്കുന്നത് വരെ ഗൗതമിന്റെ നിയമനം തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ട് അങ്കിതയുടെ പിതാവ് വീരേന്ദ്ര ഭണ്ഡാരി രാഷ്ട്രപതി ദ്രൗപദി മുര്മുവിന് അപേക്ഷ നല്കിയിരുന്നു. അങ്കിതയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളില് തിരിച്ചറിയപ്പെടാത്ത ഒരു വിഐപിക്ക് പങ്കുണ്ടെന്നും, ഈ ആരോപണങ്ങളില് ഗൗതമിന്റെ പേരും ഉള്പ്പെടുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്, തനിക്ക് ഇതില് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ഗൗതം തന്നെ ആരോപണങ്ങളില് ഉള്പ്പെടുത്തിയവര്ക്കെതിരെ മാനനഷ്ടക്കേസ് ഫയല് ചെയ്തിട്ടുണ്ട്.
.jpg)


