'സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റ്'; വിശദീകരണവുമായി ഐഎസ്ആര്‍ഒ

isro

സ്വന്തം ബഹിരാകാശ നിലയത്തിന് പുറമേ ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കുകയാണ് ഇസ്രോയെന്നും വിശദീകരണത്തിലുണ്ട്.

 ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്ന് ഔദ്യോഗിക വിശദീകരണം. ഐഎസ്ആര്‍ഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വന്തം ബഹിരാകാശ നിലയത്തിന് പുറമേ ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കുകയാണ് ഇസ്രോയെന്നും വിശദീകരണത്തിലുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഐഎസ്ആര്‍ഒ ജീവനക്കാരെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണം വന്നിരിക്കുന്നത്.

ഐഎസ്ആര്‍ഒയ്ക്ക് കീഴിലുള്ള വിഎസ്എസ്സി, എസ്ഡിഎസ്സി, യുആര്‍എസ്സി, ഏല്‍പിഎസ്സി തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കത്തെഴുതിയത്. ഐഎസ്ആര്‍ഒയുടെ മൊത്തം തൊഴിലാളികളില്‍ ഏകദേശം 5000ത്തോളം പേരാണ് കത്തെഴുതിയത്. കത്തില്‍ എസ്എസ്എല്‍വി റോക്കറ്റ് സാങ്കേതികവിദ്യയും ഉല്‍പ്പാദനവുമെല്ലാം സ്വകാര്യ മേഖലയ്ക്ക് വിടാതെ സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) നല്‍കുന്നതിനെക്കുറിച്ചും മറ്റുമെല്ലാം പരാമര്‍ശിച്ചിരുന്നു. ഐഎസ്ആര്‍ഒ പതിവായി ചെയ്തുവരുന്ന ഉപഗ്രഹ നിര്‍മാണവും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുള്ള ലോഞ്ച് പാഡ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതായും കത്തില്‍ ഉണ്ടായിരുന്നു.

Tags