അച്ഛന്റെ വേർപാടിനുശേഷം അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ എനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂ ; രാഹുൽ ഗാന്ധി
അച്ഛന്റെ വേർപാടിനുശേഷം അമ്മ സോണിയ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകളും സഹനങ്ങളും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ എക്സിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛൻ വിടപറഞ്ഞതിനു ശേഷമുള്ള ജീവിതത്തിലെ പ്രതിസന്ധികളെ അമ്മ അപാരമായ ധൈര്യത്തോടെയാണ് നേരിട്ടതെന്നും അദ്ദേഹം കുറിച്ചു.
സോണിയാഗാന്ധിയുടെ പുതിയ ഓർമ്മപ്പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ അടുത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടാനിരിക്കെയാണ് രാഹുലിന്റെ കുറിപ്പ്. സ്വകാര്യത ഏറെ കാത്തുസൂക്ഷിക്കുന്ന ഒരാളെന്ന നിലയിൽ, തന്റെ ജീവിതകഥ ലോകത്തോട് തുറന്നുപറയുന്നത് എത്രമാത്രം പ്രയാസകരമായിരുന്നെന്ന് തനിക്ക് അറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഈ പുസ്തകം ദശലക്ഷക്കണക്കിന് ജനങ്ങൾ വായിക്കാൻ പോകുന്നുവെന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം, ഇന്ത്യയിലെത്തിച്ച രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ജീവിതത്തിൽ അനുഭവിച്ച വലിയ നഷ്ടങ്ങൾ എന്നിവയെല്ലാം സോണിയാ ഗാന്ധിയുടെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വരും നവംബർ 10-ന് പുസ്തകം പുറത്തിറങ്ങുമെന്നാണ് പ്രസാധകർ അറിയിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷിക ദിനത്തിൽ വീർഭൂമിയിലെ സ്മാരകത്തിലെത്തി സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.
.jpg)

