കാൻസർ മരുന്നുകൾക്ക് വിലനിയന്ത്രണം പ്രാബല്യത്തിൽ; രോഗികൾക്ക് ആശ്വാസം
ന്യൂഡൽഹി: അർബുദ രോഗികൾക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തിൽ വന്നു. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ (ലാഭവിഹിതം) 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.ട്രേഡ് മാർജിൻ എം.ആർ.പിയുടെ (MRP) 30 ശതമാനത്തിൽ കൂടരുതെന്ന കേന്ദ്ര രാസവസ്തു മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് വില വെട്ടിക്കുറച്ചത്. ബ്രാൻഡഡും പേറ്റന്റുള്ളതുമായ 543 മരുന്നുകളുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവുണ്ടാകും. പുതിയ നിർദേശപ്രകാരം പുതുക്കിയ എം.ആർ.പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിൽ എത്തിത്തുടങ്ങി.
ചില മരുന്നുകളുടെ വിലയിൽ 96 ശതമാനം വരെ വൻ കുറവാണുണ്ടായിട്ടുള്ളത്. 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുവന്നതായി മന്ത്രാലയം വ്യക്തമാക്കി. നിർദേശം പ്രാബല്യത്തിലായതോടെ കാൻസർ രോഗികൾക്ക് പ്രതിവർഷം 3,540 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ.രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ജീവൻ രക്ഷാ മരുന്നുകൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനുമായി സർക്കാർ-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് വിൽപ്പനശാലകളിലും ഈ പുതുക്കിയ വില നിർബന്ധമായും നടപ്പിലാക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
.jpg)

