ഡിജിറ്റല്‍ വിപ്ലവത്തിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും രാജ്യം മാതൃക : രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡൽഹി: രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ രാജ്യത്തെ ഓരോ പൗരനും വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു. വികസനവും പാരമ്പര്യവും ഒരുപോലെ കാത്തുസൂക്ഷിച്ചാണ് ഇന്ത്യ മുന്നേറുന്നതെന്നും, ജനാധിപത്യ മൂല്യങ്ങളും ഇൻക്ലൂസീവ് വികസനവുമാണ് രാജ്യത്തിന്റെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.
സായുധ സേനകള്‍ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ പ്രതികരണമായിരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെത്തുടർന്ന് സിന്ധു നദീജല കരാർ താല്‍ക്കാലികമായി റദ്ദാക്കിയത് ദേശീയ താല്പര്യത്തിനും കർഷകരുടെ ക്ഷേമത്തിനുമായുള്ള സുപ്രധാന തീരുമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. രാജ്യത്തെ നക്സല്‍ മുക്തമാക്കാൻ സാധിച്ചത് വലിയൊരു നേട്ടമാണെന്നും, നീതി ലഭിക്കാൻ വിഭവങ്ങളുടെ അഭാവം തടസ്സമാകരുതെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 25 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടിയത്. 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷൻ ഉറപ്പാക്കുന്ന പദ്ധതിയും ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവവും ഇന്ത്യ സ്വന്തമാക്കിയതായും അവർ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെയും സർദാർ വല്ലഭഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാരെയും അനുസ്മരിച്ച രാഷ്ട്രപതി, സായുധ സേനയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രവാസി ഭാരതീയർക്കും പ്രത്യേക ആശംസകള്‍ അറിയിച്ചു.
.jpg)

