പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് ശിഷ്യന്‍ മരിച്ച നിലയില്‍, ശരീരമാസകലം പരിക്കേറ്റ നിലയില്‍
സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്ക് അടക്കം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് 25കാരനായ ദീപക് ലോധിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രമുഖ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് ശിഷ്യന്‍ മരിച്ച നിലയില്‍. ഉത്തര്‍ പ്രദേശിലെ മഥുരയിലെ ആശ്രമത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്ക് അടക്കം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് 25കാരനായ ദീപക് ലോധിയുടെ മൃതദേഹം കണ്ടെത്തിയത്.
മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണ് മരണപ്പെട്ടത്. ആശ്രമത്തില്‍ രസിക് ദുലാരി ശരണ്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഗുരു കൃപാ കുഞ്ച് ആശ്രമത്തില്‍ ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്ന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശ്രമത്തിലുള്ളവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആശ്രമത്തില്‍ നിന്ന് ആറടിയോളം അകലെയുള്ള റോഡിലേക്കാണ് ദീപക് വീണത്. 2025 ലാണ് ഇയാള്‍ ആശ്രമത്തിലേക്ക് എത്തിയത്.
സംഭവം നടന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
മൃതദേഹം നിലവില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബന്ധുക്കള്‍ ഞായറാഴ്ച രാവിലെയോടെ മഥുരയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക.
.jpg)

