പ്രീ പ്രൈമറി പ്രവേശനം മൗലികാവകാശം, 'ദേശീയ ദൗത്യമായി' കാണണം : സുപ്രീം കോടതി
ന്യൂഡൽഹി: പ്രീ-പ്രൈമറി ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം 'ദേശീയ ദൗത്യമായി' കാണണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴ്പ്പെട്ടുകൊണ്ട് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രവേശനം മാനേജ്മെന്റുകൾക്ക് സ്വന്തം നിലയിൽ നിഷേധിക്കാനാവില്ല.
ലക്നൗ പബ്ലിക് സ്‌കൂളിൽ 2024-25 അധ്യയന വർഷത്തേക്ക് പ്രവേശനം ലഭിച്ച ഒരു പെൺകുട്ടിയുടെ അഡ്മിഷൻ സ്‌കൂൾ അധികൃതർ തടഞ്ഞുവെച്ചതിന് എതിരായ കേസിൽ വിദ്യാലയ മാനേജ്മെന്റിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 12 പ്രകാരം, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അവരുടെ അയൽപക്കത്തെ സ്‌കൂളുകളിൽ 25 ശതമാനം സീറ്റുകൾ മാറ്റിവെക്കണം. ഇത് സമൂഹത്തിന്റെ സാമൂഹിക ഘടനയിൽ മാറ്റം വരുത്താൻ ശേഷിയുള്ളതും അതിനായി ലക്ഷ്യം വെച്ചുള്ളതുമായ ഒന്നാണെന്ന് കോടതി ചൂണ്ടികാട്ടി.
സർക്കാർ തയ്യാറാക്കുന്ന അർഹരായ കുട്ടികളുടെ ലിസ്റ്റിൽ മാറ്റം വരുത്താനോ, അവരുടെ യോഗ്യത പരിശോധിക്കാനോ ഉള്ള അധികാരം സ്വകാര്യ സ്‌കൂളുകൾക്കില്ല. ലിസ്റ്റ് ലഭിച്ചാൽ ഒട്ടും വൈകാതെ പ്രവേശനം നൽകണം.
.jpg)

