കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ച് പ്രതാപ് സിംഹ; കുടകിലും ഗുണ്ടൽപേറ്റിലും കയ്യേറ്റമെന്ന് ആരോപണം, വൻ പ്രതിഷേധം

Pratap Simha insults Kerala and Malayalis; Allegations of encroachment in Kodagu and Gundalpet, huge protest

ബെംഗളൂരു: കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശവുമായി മൈസൂരു മുൻ എം.പിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. മലയാളികളെത്തി കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നതല്ലാതെ മറുനാട്ടിലെത്തിയാൽ അത് കാണാനില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം. കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുൻ എം.പിയുടെ വിവാദ പ്രസംഗം.

"കർണാടകയിൽ മലയാളികളുടെ തോന്ന്യവാസമാണ് നടക്കുന്നത്. ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ അവരുടെ തോന്ന്യവാസം അരങ്ങേറുകയാണ്. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെത്തിയാൽ അത് കാണാനില്ല," പ്രതാപ് സിംഹ പറഞ്ഞു.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും കുടകിലെ മലയാളി സംഘടനകൾക്കിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതാപ് സിംഹ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മലയാളി കൂട്ടായ്മകൾ വ്യക്തമാക്കി. നേരത്തെയും വിവിധ വിവാദ പ്രസ്താവനകളുടെയും സംഭവങ്ങളുടെയും പേരിൽ പ്രതാപ് സിംഹയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags