രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് പ്രജ്ഞ സിംഗ് താക്കൂർ

രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു എന്നും പ്രജ്ഞ സിംഗ് പറയുന്നു. പാർലമെൻ്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം.
“അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾ കരുതുന്നു.”- പ്രജ്ഞ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറയുന്നു. “ഒരു വിദേശരാജ്യത്തേക്ക് പോയി പാർലമെൻ്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങൾ പറയുന്നു. അതിനെക്കാൾ നാണക്കേടില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ അവസരം നൽകരുത്. രാജ്യത്തുനിന്ന് പുറത്താക്കണം. കോൺഗ്രസ് അവസാനിക്കാറായി. ഇപ്പോൾ അവരുടെ ചിന്തയും താറുമാറായിരിക്കുന്നു.”- പ്രജ്ഞ സിംഗ് എഎൻഐയോട് പറഞ്ഞു.