വൈദ്യുതി പ്രതിസന്ധി ; കേരളത്തിന് ആശ്വാസമായി ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് റിപ്പോർട്ട്
വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വലയുന്ന കേരളത്തിന് നേരിയ ആശ്വാസമായി ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ തമിഴ്‌നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തി, കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചു. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ രൂക്ഷതകേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായത്.
കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിയും അധിക വൈദ്യുതി ആവശ്യകതയും വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കേരളത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹിമാചൽ സർക്കാർ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും.
വൈദ്യുതി ക്ഷാമത്തെ തുടർന്ന് കേരളത്തിൽ ദിവസവും രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് ജനങ്ങൾക്കിടയിൽ വലിയ രോഷം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കെസിയുടെ ഇടപെടലിൽ വൈദ്യുതി എത്തുകയും അത് പവർകട്ട് കുറയ്ക്കുന്നതിൽ ഒരു ചെറിയ പങ്ക് വഹിക്കുകയും ചെയ്താൽ ജനങ്ങൾക്കും ഒപ്പം സർക്കാരിനും അത് ആശ്വാസമാകും.
.jpg)

