ശമ്പളം കൊണ്ട് മാത്രം ദാരിദ്ര്യം പരിഹരിക്കാനാകില്ല; ഒരു ദശകത്തിനിടെ 50 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്ന് നിർമല സീതാരാമൻ

Poverty cannot be solved by salary alone; 50 crore people have been lifted out of poverty in a decade, says Nirmala Sitharaman

ന്യൂഡൽഹി: വെറും ശമ്പളം കൊണ്ടു മാത്രം ദാരിദ്ര്യം അളക്കാനോ പരിഹരിക്കാനോ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സുരക്ഷിതമായ വീട്, ശുദ്ധജലം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയില്ലാത്ത ഒരു കുടുംബത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനപ്പുറം സാമ്പത്തിക തകർച്ചയാണ് നേരിടേണ്ടി വരികയെന്നും അവർ ലിങ്ക്ഡ്ഇൻ ലേഖനത്തിൽ കുറിച്ചു. 'ദി ഡെക്കേഡ് ഇന്ത്യ ടേൺഡ് ദ ടൈഡ് ഓൺ പോവർട്ടി' എന്ന ലേഖനത്തിൽ ലോകബാങ്കിന്റെ ഏറ്റവും പുതിയ 'ഇന്ത്യ പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്' ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2011-നും 2023-നും ഇടയിൽ പ്രതിദിനം 4.20 ഡോളർ എന്ന ലോവർ-മിഡിൽ-ഇൻകം ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരുടെ എണ്ണം 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി കുറഞ്ഞു. ഇതിലൂടെ ഏകദേശം 49.6 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. പ്രതിദിനം 3 ഡോളർ എന്ന അതീവ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ നിരക്ക് 27.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായും താഴ്ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 50 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി മന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം ആറ് പതിറ്റാണ്ടിലേറെ വൻതോതിലുള്ള ദാരിദ്ര്യ നിർമാർജനം 'പൂർത്തിയാകാത്ത വാഗ്ദാനമായി' തുടരുകയായിരുന്നുവെന്ന് സീതാരാമൻ വിമർശിച്ചു. പാവപ്പെട്ടവർക്ക് പണം കൈമാറിയാൽ ദാരിദ്ര്യം തനിയെ പരിഹരിക്കപ്പെടുമെന്നായിരുന്നു മുൻകാല നയം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ കേന്ദ്ര സർക്കാർ ഈ രീതി മാറ്റി. ഓരോ കുടുംബത്തിലെയും പ്രത്യേക ന്യൂനതകൾ ഒന്നൊന്നായി കണ്ടെത്തി പരിഹരിക്കുന്ന 'അന്ത്യോദയ' എന്ന ആശയമാണ് സർക്കാർ പിന്തുടർന്നത്. ദാരിദ്ര്യ നിർമാർജനത്തിന് മാന്ത്രികവടിയില്ലെന്നും, അവസാന വീടു വരെയുള്ള ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികളുടെ നടപ്പാക്കൽ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള അനുഭവങ്ങളും മന്ത്രി ലേഖനത്തിൽ പങ്കുവെച്ചു. കോവിഡ് കാലത്ത് പിതാവിന്റെ മരണത്തോടെ പൂട്ടിപ്പോയ പശ്ചിമ ബംഗാളിലെ സുസ്മിത ഗരായിയുടെ കുടുംബത്തിന്റെ പ്രിന്റിങ് പ്രസ്, ഈടില്ലാത്ത മുദ്ര വായ്പയിലൂടെ പുനരാരംഭിക്കാനും ഇന്ന് എട്ട് പേർക്ക് തൊഴിൽ നൽകാനും സാധിച്ചു. അതുപോലെ നാഗാലാൻഡിലെ കിഫിരെയിൽ കണ്ട 'ലഖ്പതി ദീദി' എസ്തർ മില്ലറ്റ് ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽപന നടത്തുന്നതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2047-ലെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള അടുത്ത ഘട്ടത്തിൽ ക്ഷേമ സംരക്ഷണത്തോടൊപ്പം ധനസഹായം, വിപണി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കണമെന്നും, ദാരിദ്ര്യത്തിൽ നിന്ന് കരകയറിയവർ വീണ്ടും അതിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2022–23-നും 2023–24-നും ഇടയിൽ കാണുന്ന വലിയ ക്ഷേമ നേട്ടങ്ങൾ യഥാർത്ഥ പുരോഗതിയെയും മെച്ചപ്പെട്ട കണക്കെടുപ്പ് രീതിയെയും ഒരുപോലെ പ്രതിഫലിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ദാരിദ്ര്യ കണക്കുകളുടെ കൃത്യതയെയും മാനദണ്ഡങ്ങളെയും പ്രതിപക്ഷം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ലോകബാങ്കിന്റെ മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ദാരിദ്ര്യരേഖ (3.65 ഡോളർ) പ്രകാരം രാജ്യത്തെ ദാരിദ്ര്യ നിരക്ക് 28.1 ശതമാനമാണെന്നും, ഡാറ്റയുടെ ലഭ്യതയും ഗുണനിലവാരവും പരിമിതമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് മുമ്പ് വാദിച്ചിരുന്നു.

Tags