ചോറും ബീൻസും വേണ്ട; ഒടുവിൽ കിട്ടിയത് ഉരുളക്കിഴങ്ങ് മാത്രം നിറച്ച ബൗൾ ; ബെംഗളൂരുവിലെ ടെക്കിയുടെ കസ്റ്റമൈസ്ഡ് ഫുഡ് ഓർഡർ വൈറൽ

No rice or beans; Finally got a bowl full of potatoes; Bengaluru techie's customized food order goes viral


ഉപഭോക്താവിന്‍റെ താത്പര്യങ്ങൾക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത സാധനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്‍റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഓർഡറുകൾക്കാണ് ഇപ്പോൾ കച്ചവട സ്ഥാപനങ്ങളും മുൻതൂക്കം നൽകുന്നത്. അത്തരമൊരു കസ്റ്റമൈസ്ഡ് ഓർഡറിന് പിന്നാലെ തനിക്ക് ലഭിച്ച അസാധാരണ വിഭവത്തിന്‍റെ ചിത്രം ബെംഗളൂരുവിൽ നിന്നുള്ള ഒരു ടെക്കി പങ്കുവച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സഹ്‌ലെ ഖാൻ എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനീയറാണ് തനിക്ക് ലഭിച്ച അസാധാരണ കസ്റ്റമൈസ്ഡ് ഭക്ഷണത്തിന്‍റ ചിത്രം പങ്കുവച്ചത്. 

ബെംഗളൂരുവിലെ കാലിഫോർണിയ ബുറിറ്റോയിൽ നിന്ന് സൊമാറ്റോ വഴിയാണ് ഖാൻ ഈ വിഭവം ഓർഡർ ചെയ്തത്. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ കഴിയുന്ന ഭക്ഷണ ഓർഡറിൽ സഹ്‌ലെ ഖാൻ ആദ്യം ചോറ് വേണ്ടെന്ന് വച്ചു. പിന്നാലെ ബ്ലാക്ക് ബീൻസ്, പിന്‍റോ ബീൻസ്, ഗ്രിൽ ചെയ്ത ഉള്ളി, കാപ്സിക്കം, കോൺ സൽസ, സോർ ക്രീം, തക്കാളി, ഉള്ളി സൽസ, റോസ്റ്റ് ചെയ്ത ടൊമാറ്റിലോ സൽസ, റെഡ് ചില്ലി ടൊമാറ്റിലോ സൽസ എന്നിവയും അദ്ദേഹം വേണ്ടെന്ന് വച്ചു. പ്രധാന ഇനവും മറ്റ് ചില ഇനങ്ങളും വേണ്ടെന്ന് വച്ചതോടെ അവസാനിച്ച ഏക ഇനം മാത്രമായി. ഒടുവിൽ ലഭിച്ച ഭക്ഷണ പാത്രം തുറന്ന് നോക്കിയപ്പോൾ പൊരിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മാത്രം നിറച്ച ഒരു പാത്രമായി അത് അവശേഷിച്ചു. "ഇത് സാധ്യമാക്കിയതിന് @Cali_Burrito യ്ക്കും അവരുടെ വളരെയധികം ഉത്കണ്ഠാകുലനായ ഷെഫിനും അഭിനന്ദനങ്ങൾ. -1 ഡയറ്റ് കോക്കിന് ഓർഡർ നൽകുന്ന ആളാണ് ഞാൻ" ഉരളക്കിഴങ്ങ് പാത്രത്തിന്‍റെ ചിത്രവും ബില്ലും പങ്കുവച്ച് കൊണ്ട് സഹ്‌ലെ ഖാൻ എഴുതി. പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായി എത്തിയത്. 

ഇതുപോലൊരു 'ചിക്കൻ റൈസ് ബൗൾ' കിട്ടുമോ? 'കസ്റ്റമൈസ്ഡ് ചിക്കൻ റൈസ് ബൗൾ' കിട്ടാൻ സാധ്യതയുണ്ടോയെന്നാണ് പലരും ചോദിച്ചത്. അങ്ങനെയാണെങ്കിൽ റൈസ് ഒഴിവാക്കി ചിക്കൻ മാത്രം ഓർഡർ ചെയ്യാമല്ലോയെന്നാണ് പലരും ചോദിച്ചത്. 'ബെംഗളൂരു പീക്ക്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത്തരമൊരു ഓർഡർ കൊടുത്തയാൾ വല്ലാത്ത ബുദ്ധമാൻ തന്നെയെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭക്ഷണ പരീക്ഷണം, കസ്റ്റമൈസ്ഡ് ഭക്ഷണത്തോടുള്ള താത്പര്യം എന്നിവയോടുള്ള നഗരത്തിന്‍റെ സ്നേഹമാണ് ഇത്തരമൊരു ഓർഡറിന് പിന്നിലെന്ന് മറ്റ് ചിലർ കുറിച്ചു. ബെംഗളൂരുവിൽ മാത്രമേ ഒരാൾക്ക് ഒരു അരി പാത്രത്തെ ഉരുളക്കിഴങ്ങ് പാത്രമാക്കി മാറ്റാൻ കഴിയൂവെന്നായിരുന്നു മറ്റൊരു കുറിപ്പ്.
 

Tags