പൊലീസുകാരന്റെ മരണത്തിൽ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി

udayanidhi

 ചെന്നൈ : പൊതുറോഡിൽ പടക്കം പൊട്ടിച്ച യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെ ആക്രമണത്തിനിരയായി സ്പെഷ്യൽ സബ് ഇൻസ്പെക്ടർ (എസ്.എസ്.ഐ) സെന്തിൽ കുമാർ മരിച്ച സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും പൊതുജനങ്ങൾക്കും പൊലീസുകാർക്കും ഒരുപോലെ സുരക്ഷയില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച മാത്രം ഒരു പൊലീസുകാരനുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്നും ഉദയനിധി ആരോപിച്ചു.

തേനി ജില്ലയിലാണ് എസ്.എസ്.ഐ സെന്തിൽ കുമാർ ആക്രമണത്തിനിരയായി മരിച്ചത്. തേനി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വഴിയാത്രക്കാർ സഞ്ചരിക്കുന്ന പൊതുറോഡിൽ ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റൊരിടത്തേക്ക് മാറാൻ അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കളുടെ പ്രവൃത്തികൾ മൊബൈൽ ഫോണിൽ പകർത്താനും ശ്രമിച്ചു.

ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവ് കൈമുട്ടുകൊണ്ട് സെന്തിൽ കുമാറിനെ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാലൻസ് നഷ്ടപ്പെട്ട് നിലത്തുവീണ അദ്ദേഹത്തെ പട്രോളിങ് പൊലീസ് സംഘം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉദയനിധി സ്റ്റാലിൻ സർക്കാരിനെതിരെ രംഗത്തെത്തിയത്. ഉത്സവദിനത്തിൽ പടക്കങ്ങളുടെ ശബ്ദത്തേക്കാൾ കൂടുതൽ കേട്ടത് വാളുകളുടെയും വെട്ടുകത്തികളുടെയും ശബ്ദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മുഖ്യമന്ത്രി വിജയിയെ 'ഡമ്മി മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം. 

Tags