ഇനി പൊലീസ് സ്റ്റേഷനിൽ പോകേണ്ട ; പരാതികൾ രജിസ്റ്റർ ചെയ്യാനായി ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തി തെലങ്കാന സർക്കാർ

Revanth Reddy will also follow Suvendu Adhikari's example; Nizamabad MP Dharmapuri Arvind says he will leave Congress and join BJP

ഹൈദരാബാദ്: പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പോകാതെ തന്നെ എളുപ്പത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യാനായി പ്രത്യേക ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തി തെലങ്കാന സർക്കാർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല പൊലീസ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. അടുത്ത 10 വർഷത്തെ സംസ്ഥാനത്തെ ക്രമസമാധാന നിലയും പൊലീസ് സേനയെയും ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ കർമപദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഇതിന്റെ ഭാഗമായി കാലഹരണപ്പെട്ട ആയുധങ്ങൾക്ക് പകരം എല്ലാ പൊലീസ് സ്റ്റേഷനുകളിലും അത്യാധുനിക തോക്കുകളും സജ്ജീകരണങ്ങളും ലഭ്യമാക്കും. ഹൈദരാബാദിലെ മയക്കുമരുന്ന് കടത്തും കഞ്ചാവ് മാഫിയയും പൂർണമായി ഇല്ലാതാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനം നടപ്പിലാക്കാനും, ഇരകളായവർക്കായി ഡീ-അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

ക്രിമിനലുകളുടെ പ്രവർത്തന ശൈലി അതിവേഗം മാറുന്ന സാഹചര്യത്തിൽ, ഡ്രോൺ അധിഷ്ഠിത പട്രോളിങ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പൊലീസ് സേന സ്വന്തമാക്കണം. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി, പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലന കാലയളവിൽ തന്നെ മിടുക്കരായവരെ സൈബർ വിങ്ങിലേക്ക് തിരഞ്ഞെടുക്കും. കൂടാതെ സംസ്ഥാനത്തെ സ്‌കിൽസ് യൂനിവേഴ്‌സിറ്റിയിൽ പൊലീസ് വകുപ്പിനായി സൈബർ ക്രൈമിൽ പ്രത്യേക കോഴ്‌സ് ആരംഭിക്കുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഗതാഗത മാനേജ്‌മെന്റും റോഡ് സുരക്ഷയും ഇനിമുതൽ ഒരൊറ്റ യൂനിറ്റിന് കീഴിലാക്കാനും സി.സി.ടി.വി ശൃംഖല വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി പൊലീസ് വകുപ്പിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. 

Tags